ന്യൂഡൽഹി: ഭക്ഷണവും ഹോട്ടലുകളും റേറ്റ് ചെയ്യുന്നതുപോലെ പൊതുജനങ്ങൾക്ക് പഞ്ചായത്തുകളെ റേറ്റ് ചെയ്യാവുന്ന സംവിധാനവും സർക്കാർ പരിഗണിക്കുന്നതായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.എം.ഷാജി.
ഓരോ പഞ്ചായത്തിലും സവിശേഷ ക്യൂആർ കോഡുകൾ നൽകി ജനങ്ങൾക്ക് അതു സ്കാൻ ചെയ്തു റേറ്റ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ആലോചിക്കുന്നതെന്നും കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ഡൽഹി ഘടകം സംഘടിപ്പിച്ച ‘മൈക്ക് ടുഗെദർ’ സംവാദപരിപാടിയിൽ സംസാരിക്കവേ ഷാജി അറിയിച്ചു.
പഞ്ചായത്തുകളിലെ ക്യൂആർ കോഡുകൾ സ്കാൻ ചെയ്തു പൊതുജനങ്ങൾക്ക് ആ പഞ്ചായത്തിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താമെന്നും അതത് പഞ്ചായത്തുകളുടെ റേറ്റിംഗും അഭിപ്രായങ്ങളും തുടർച്ചയായി പരിശോധിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള ആശയമായാണ് റേറ്റിംഗ് സംവിധാനത്തെ മന്ത്രി വിലയിരുത്തുന്നത്.
ഗ്രാമസഭകളിലെ പങ്കാളിത്തവും പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിന് ഓൺലൈൻ ഗ്രാമസഭകളും നടപ്പിലാക്കുന്നത് പരിഗണിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രവാസികളായ മലയാളികൾക്ക് പങ്കെടുക്കാവുന്ന ഓൺലൈൻ ഗ്രാമസഭകൾ പരീക്ഷണാർഥം നടത്തിയത് വിജയമായതു കണ്ടാണ് കേരളത്തിലുടനീളം ഓൺലൈൻ ഗ്രാമസഭകൾ നടത്തുന്നത് പരിഗണിക്കുന്നത്-മന്ത്രി പറഞ്ഞു.